Summary of Discussion Decisions for Development of Power Sector in Kerala

കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊർജ്ജ മന്ത്രി ശ്രീ ആർ കെ സിംഗുമായി കേരളത്തിലെ വൈദ്യുതി മേഖലയുടെ ഉന്നമനത്തിനായുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ വച്ച് നടത്തിയ ചർച്ചാ തീരുമാനങ്ങളുടെ സംഗ്രഹം

കേരളത്തിൽ 6000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള ജലലഭ്യത ഉണ്ട്. വാർഷിക ജല ലഭ്യത 3000 ടി എം സി ആയിരിക്കെ അതിൻറെ 10% മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി വിനിയോഗിക്കുന്നത്. 3000 മെഗാവാട്ട് വൈദ്യുതി എങ്കിലും 2027 ഓടുകൂടി പുനരുപയോഗ ഊർജ്ജസ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കാൻ ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ഇത് നമ്മുടെ വൈദ്യുതി ആവശ്യകതയുടെ 50 ശതമാനം വരും. 2070-ഓടെ സീറോ കാർബൺ എമിഷൻ പദവി കൈവരിക്കാനുള്ള നമ്മുടെ രാജ്യത്തിന്റെ ശ്രമത്തിന് ശക്തി പകരുന്ന രീതിയിലുള്ള പദ്ധതിയാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. കൽക്കരി ക്ഷാമം രൂക്ഷമായതോടെ വൈദ്യുതി ഉൽപാദനത്തിൽ ജലവൈദ്യുത പദ്ധതികൾക്ക് പിന്തുണ നൽകാൻ കേന്ദ്രസർക്കാർ നിർബന്ധിതമായി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രളയപ്രതിരോധ ഡാമുകൾക്ക് ധനസഹായം നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാർ എടുത്തിട്ടുണ്ട്. അതുപോലെ ജലവൈദ്യുതി ഉൽപാദനം പുനരുപയോഗ ഊർജ്ജമാണെന്ന് പ്രഖ്യാപിച്ചതും, ഹൈഡ്രോ പവർ ഒബ്ലിഗേഷൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതും ജലവൈദ്യുത ഉൽപാദനത്തിന് പ്രോത്സാഹജനകമാണ്.

കേന്ദ്രവും സംസ്ഥാനവും കൈകോർത്ത് പിടിച്ചുകൊണ്ട്, അധിക ധനസഹായം നൽകിയും, സമയബന്ധിതമായി വനം, പാരിസ്ഥിതിക അനുമതികൾ വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ലഭ്യമാക്കുകയും ചെയ്താൽ നിരവധി ജലവൈദ്യുത പദ്ധതികൾ കേരളത്തിൽ സാധ്യമാക്കാനാകും. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതി, 240 മെഗാവാട്ട് ശേഷിയുള്ള ലക്ഷ്മി, 210 മെഗാവാട്ട് ശേഷിയുള്ള പൂയംകുട്ടി, കാരപ്പാറ എന്നീ വലിയ ജലവൈദ്യുത പദ്ധതികൾ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമായി നടപ്പാക്കുന്നതിന് കേന്ദ്രത്തിന് അനുകൂല സമീപനമാണുള്ളത്. ഈ പദ്ധതികൾ പ്രളയ പ്രതിരോധ സംവിധാനങ്ങളോടെ നടപ്പാക്കാനാകും.
ഇതിനു പുറമേ, 29.5 മെഗാവാട്ട് ശേഷിയുള്ള 10 പ്രോജക്ടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് 120.5 മെഗാവാട്ട് ശേഷിയുള്ള 13 ജലവൈദ്യുത പദ്ധതികൾ ഉടൻ ആരംഭിക്കാനാകും. 1646 മെഗാവാട്ട് ശേഷിയുള്ള 17 ജലവൈദ്യുത പദ്ധതികൾ പര്യവേഷണ ഘട്ടത്തിലാണ്.

ജലവൈദ്യുത പദ്ധതികൾക്ക് നിർമ്മാണ ചിലവ് കൂടുതലായതിനാലും അതുപോലെ തിരിച്ചടവ് കാലാവധി കൂടുതലായതിനാലും കേന്ദ്രസർക്കാർ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് മുഖേന ധനസഹായം നല്കിയാൽ മാത്രമേ ലാഭകരമായി നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. 20 ശതമാനം മൂലധന ചിലവ് എങ്കിലും ധനസഹായമായി ലഭ്യമാക്കണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

25 മെഗാവാട്ടിൽ താഴെ ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കുന്നതിന് 2017 വരെ കേന്ദ്രസർക്കാർ ധനസഹായം നൽകിയിരുന്നു. അതുപോലെ ഇത്തരം പദ്ധതികളുടെ ഡി പി ആർ തയ്യാറാക്കുന്നതിനും ധനസഹായം ലഭ്യമായിരുന്നു. 26.9 മെഗാവാട്ട് ശേഷിയുള്ള 10 ചെറുകിട ജലവൈദ്യുത പദ്ധതികൾ സംസ്ഥാനം ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കാൻ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. മേൽ ധനസഹായം പുസ്ഥാപിക്കണമെന്ന ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ജല വൈദ്യുത പദ്ധതികൾക്ക് വനം പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതികൾ ലഭ്യമാക്കുന്നതിന് മുൻകൈ എടുക്കുമെന്നും, 1980 ന് മുൻപ് KSEB യുടെ കൈവശമുള്ള ഭൂമികൾക്ക് നിലവിൽ റയിൽവേ, നാഷണൽ ഹൈവേ എന്നീ വകുപ്പുകൾക്ക് നൽകിവരുന്ന പരിഗണന ലഭ്യമാക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ ഉണ്ടാകുമെന്ന് ചർച്ചയിൽ വ്യക്തമാക്കുകയുണ്ടായി.
കൽപ്പാക്കം ആണവ വൈദ്യുതി നിലയത്തിൽ 32 മെഗാവാട്ടിന്റെ തോറിയം പ്ലാന്റ് വിജയകരമായി പ്രവർത്തനം ആരംഭിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ തോറിയം നിക്ഷേപം പരമാവധി പ്രയോജനപ്പെടുത്തി കുറഞ്ഞ ചിലവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുവാനുള്ള പദ്ധതികളെ പ്രോത്സാഹിപ്പിക്കുമെന്ന് അറിയിച്ചു. ഇത് കേരളത്തിന്റെ സാമ്പത്തിക ഉന്നമനത്തിന് ഏറെ സഹായകരമാണ്.

വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് മുൻപ് അനുമതി ലഭിച്ച 12000 കോടി രൂപയുടെ പദ്ധതിയ്ക്ക് പുറമേ, 11000 കോടിയുടെ പദ്ധതിക്ക് RDSS സ്കീമിൽ ഉൾപ്പെടുത്തി അനുമതി നൽകണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് കവചിത കണ്ടക്ടറുകൾ സ്ഥാപിക്കുന്നതിനും, അണ്ടർഗ്രൗണ്ട് കേബിളുകൾ സ്ഥാപിക്കുന്നതിനും, ഗ്രാമീണ മേഖലയിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുന്നതിനും, വൈദ്യുതി തടസ്സങ്ങൾ കുറയ്ക്കുന്നതിനും, നഗരപ്രദേശങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അതുപോലെ, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുന്ന സാധനസാമഗ്രികൾ കഴിയുന്നത്ര ഉപയോഗിക്കാനാകും വിധം ‘ഭാഗിക ടേൺ കീ’ ആയി നടപ്പിലാക്കുന്നതിന് അനുവദിക്കണം എന്ന ആവശ്യവും പരിഗണിക്കാമെന്ന് ഉറപ്പ് നൽകി.
വൈദ്യുതി പ്രസരണ മേഖലയിൽ സംസ്ഥാന ലോഡ് ഡിസ്പാച്ച് സെൻററിൽ സ്കാഡ / ഇ എം എസ് പ്രവർത്തികൾക്കായി കേന്ദ്ര ധന സഹായം അഭ്യർത്ഥിക്കുകയും അനുകൂലമായി പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു. വയനാട്, കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന 400 കെ വി ഹരിത ഊർജ്ജ ഇടനാഴി നടപ്പിലാക്കുന്നതിന് മറ്റു പദ്ധതികൾക്ക് ലഭ്യമാക്കുന്ന കേന്ദ്ര ധനസഹായം പരിഗണിക്കാമെന്ന് അറിയിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇനിയും വൈദ്യുതി ലഭ്യമാക്കാനുള്ള 87 ആദിവാസി കോളനികളിലെ 3000 ത്തോളം കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുന്നതിന് സൗരോർജ പദ്ധതി നടപ്പിലാക്കുന്നതിന് 80 ശതമാനം കേന്ദ്ര വിഹിതം അഭ്യർത്ഥിച്ചു. ഓഫ് ഗ്രിഡിനുള്ള പ്രത്യേക പദ്ധതിക്ക് കേന്ദ്ര സർക്കാർ രൂപം നൽകി വരുന്നുണ്ട് എന്ന് അറിയിച്ചു.
സംസ്ഥാനത്ത് 2.75 ലക്ഷം കാർഷിക പമ്പുകൾ നിലവിലുണ്ട്. അതിൽ, 45,000 കാർഷിക പമ്പുകൾ സൗരോർജ്ജ വൽക്കരിക്കുന്നതിന് പി എം കുസും പദ്ധതിയിലൂടെ അനുമതി ലഭിച്ചു കഴിഞ്ഞു. ശേഷിക്കുന്ന കാർഷിക പമ്പുകളുടെയും സൗരോർജ്ജവത്കരണത്തിന് പി എം കുസും പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് അറിയിച്ചു. മേൽ പദ്ധതിയിൽ കർഷക വിഹിതമായ 40 ശതമാനം മുതൽമുടക്ക് നബാർഡ് വഴി കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതിനും നിശ്ചിത കാലയളവിന് ശേഷം കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കാനുമുള്ള “കേരള മോഡൽ” തത്വത്തിൽ അംഗീകരിക്കുവാനും ഇത് മറ്റ് സംസ്ഥാനങ്ങൾക്കും കൂടി ബാധകമാക്കാനും തീരുമാനിക്കുമെന്ന് വ്യക്തമാക്കി.

കാസർകോട് ജില്ലയിൽ 200 മെഗാവാട്ട് സോളാർ പാർക്ക് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിരുന്നു. അതിൽ, 100 മെഗാവാട്ട് സോളാർ പാർക്ക് പദ്ധതി പൂർത്തിയായി. 5 മെഗാവാട്ടിന്റെ നിർമ്മാണ പ്രവർത്തനം നടന്നുവരുന്നു. ബാക്കിയുള്ള 100 മെഗാവാട്ട് സ്ഥാപിക്കുന്നതിന് ചീമേനിയിൽ 475 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതിയും കേന്ദ്രസർക്കാറിന്റെ സോളാർ പാർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കുന്നത് പരിഗണിക്കുവാൻ തീരുമാനിച്ചു.

റായ്ഗർ-പുഗലൂർ-തൃശ്ശൂർ എച്ച് വിഡിസി ട്രാൻസ്മിഷൻ സിസ്റ്റം ഒരു നാഷണൽ അസറ്റ് ആക്കി പരിഗണിച്ചുകൊണ്ട് ട്രാൻസ്മിഷൻ ചാർജിൽ വരുന്ന അധിക ബാധ്യത ഒഴിവാക്കി തരണമെന്ന ആവശ്യം അനുകൂലമായി പരിശോധിച്ച് തീരുമാനിക്കാമെന്ന് അറിയിച്ചു.

നൂതന സാങ്കേതിക മേഖലയായ മൈക്രോ കൈനറ്റിക് ടർബൈൻ, വെഹിക്കിൾ ടു ഗ്രിഡ്, ഇലക്ട്രിക് പേഴ്സണൽ റാപ്പിഡ് ട്രാൻസിറ്റ്, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് എന്നിവ പൈലറ്റ് അടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പിലാക്കുന്നതിന് സഹായവും സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചത് പരിഗണിക്കാമെന്ന് അറിയിച്ചു.