A new power house was inaugurated in Chengannur

ചെങ്ങന്നൂരിലെ കെഎസ്ഇബി ഓഫീസുകൾക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങി. ചെങ്ങന്നൂർ നഗരത്തിൽ ആൽത്തറ ജംഗ്ഷനു സമീപം 24 സെൻറ് സ്ഥലത്ത് മൂന്നുനിലകളിലായി 8100 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ചിട്ടുളള പുതിയ വൈദ്യുതി ഭവൻ കെട്ടിടത്തിൽ ചെങ്ങന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ്ബ് ഡിവിഷൻ, ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസുകൾ പ്രവർത്തിക്കും.
ഒരു കോടി രൂപയും ബോർഡു ഫണ്ടും ഉൾപ്പെടെ രണ്ടു കോടി പതിമൂന്ന് ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട സമുച്ചയം നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടെ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഓഫീസുകളാണ് ഒരു കുടകീഴിലേയ്ക്ക് മാറുന്നത്.
കാലപ്പഴക്കത്താൽ ജീർണ്ണിച്ച പഴയ ഓഫീസ് കെട്ടിടത്തിൽ, പരാധീനതകളുടെ നടുവിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകളിൽ ജീവനക്കാർക്ക് പ്രവർത്തിക്കുവാനോ, വിശ്രമിക്കാനോ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ഓഫീസ് പരിസരത്ത് ബോർഡിൻ്റെ വാഹനങ്ങക്കു പോലും പാർക്കു ചെയ്യുന്നതിനും, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും സ്ഥലം തികഞ്ഞിരുന്നില്ല. ബിൽ അടയ്ക്കുന്നതിനെത്തുന്നവരുടെ ക്യൂ റോഡിൽ വരെ നീണ്ടിരുന്നു. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം സമീപമുള്ള റോഡിൽ ഗതാഗത തടസ്സവും പതിവായിരുന്നു.
പുതിയ കെട്ടിടത്തിൽ പണം അടയ്ക്കാനായി എത്തുന്ന ഉഭോക്താക്കൾക്ക് കാത്തിരുപ്പ് മുറി, വനിത ജീവനക്കാർക്ക് പ്രത്യേക വിശ്രമമുറി, ലിഫ്റ്റ് സംവിധാനം, പാർക്കിംഗ് സൌകര്യം, സ്റ്റോർ സൌകര്യം, ഫീൽഡ് ജീവനക്കാർക്കുള്ള വിശ്രമമുറി എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. 50 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദ നിർമ്മാണത്തിൻ്റെ ഭാഗമായി 10 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ്ജ പാനലുകൾ മേൽക്കൂരയിൽ സ്ഥാപിക്കും.
സെക്ഷൻ പരിധിയിൽപ്പെടുന്ന പതിനെട്ടായിരത്തോളം ഉപഭോക്താക്കൾ ഉൾപ്പെടെ ചെങ്ങന്നൂർ ഇലക്ട്രിക്കൽ ഡിവിഷൻ പരിധിയിൽ വരുന്ന ഒരു ലക്ഷത്തി അയ്യായിരത്തോളം ഉപഭോക്താക്കൾക്കും ജീവനക്കാർക്കും ഈ കാര്യാലയം പ്രയോജനപ്രദമാകും.