Green energy potential will be used for sustainable urban development

അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയിൽ സുസ്ഥിര നഗരവികസനത്തിന് പുനരുപയോഗ ഊർജ സാധ്യതകളെ ഉപയോഗിക്കുക എന്നതാണ് സർക്കാർ നയം. അനെർട്ട് സംഘടിപ്പിക്കുന്ന സോളാർ, ഇലക്ട്രിക് വെഹിക്കിൾ എക്‌സ്‌പോയും തിരുവനന്തപുരം നഗരത്തെ സോളാർ സിറ്റിയാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.

കേരളത്തിന്റെ പ്രകൃതി സൗഹൃദ നയത്തിന്റെ മികച്ച മാതൃകയാണ് കൊച്ചി വാട്ടർ മെട്രൊ. സംസ്ഥാന സർക്കാർ 1137 കോടി രൂപ ചെലവഴിച്ച് കാർബൺ ബഹിർഗമനമില്ലാത്ത പുനരുപയോഗ സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഗതാഗത സംവിധാനമാണിത്. സുസ്ഥിരമാർന്ന നവകേരള നിർമിതിക്കായുള്ള ഒരു ചുവടു വയ്പ്പാണ് തിരുവനന്തപുരം നഗരത്തെ സമ്പൂർണ സൗരോർജ നഗരമാക്കി തീർക്കുന്നതിനുള്ള പദ്ധതി. ആദ്യ ഘട്ട സർവ്വേയിലൂടെ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സ്വകാര്യ കെട്ടിടങ്ങളിലും സൗരോർജ നിലയം സ്ഥാപിക്കുന്നതിനുള്ള പുരപ്പുറ സർവേ പൂർത്തിയാക്കി. നഗരത്തിലെ വൈദ്യുതി ഉപയോഗം പൂർണമായും പാരമ്പര്യേതര ഊർജ്ജസ്രോതസുകളിൽ നിന്നും നിറവേറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി നഗരത്തിനുള്ളിലെ പുരപ്പുറങ്ങളിൽ സ്ഥാപിക്കുന്ന സൗരോർജ നിലയങ്ങളും മാലിന്യത്തിൽനിന്ന് ഊർജം ഉൽപാദിപ്പിക്കുന്ന പ്ലാന്റുകളും സ്ഥാപിക്കും. ഇതിനുപുറമേ സൗരോർജത്തിൽ പ്രവർത്തിക്കുന്ന തെരുവുവിളക്കുകൾ ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ അക്ഷയ ഊർജ്ജ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കും.തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ ഗവൺമെന്റ് സ്ഥാപനങ്ങളിലും സൗരോർജ പാനലുകൾ സ്ഥാപിക്കുക എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം നഗര പരിധിയിൽ ഇതു സംബന്ധിച്ച വിശദമായ സർവേ നടത്തുകയും ആകെ 800 മെഗാവാട്ട് ശേഷിയുള്ള സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത കണ്ടെത്തുകയും സോളാർ അറ്റ്‌ലസ് തയ്യാറാക്കുകയും ചെയ്തു.

അതോടൊപ്പം സ്മാർട്ട് ലൈറ്റിങ്ങ്, ഭക്ഷണമാലിന്യസംസ്‌ക്കരണത്തിനായി സോളാർറാപ്പിഡ് മാന്വർ കൺവെർട്ടർ എന്നിവ സ്ഥാപിക്കും. കൂടാതെ നഗരപരിധിയിലെ ലൈറ്റുകൾ, 13 സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ഫാസ്റ്റ്ചാർജിംഗ്‌ സ്റ്റേഷനുകൾ എന്നിവ സ്ഥാപിക്കുകയാണ്. 400 സർക്കാർ കെട്ടിടങ്ങളിൽ സാധ്യതാപഠനം നടത്തുകയും ഏകദേശം 16 മെഗാവാട്ട് ശേഷിയുള്ള സൌരോർജ്ജ പവർപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിൽ ആദ്യഘട്ടമായി 218 സർക്കാർകെട്ടിടങ്ങളിൽ 10.7 മെഗാവാട്ട്‌ശേഷിയുള്ള പവർപ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തീകരിക്കുകയാണ്. ഗവൺമെന്റ് കെട്ടിടങ്ങളിൽ ആകെ 4.5 മെഗാവാട്ട് 150 ശേഷിയുള്ളപവർപ്ലാന്റുകളുടെ പ്രതിഷ്ഠാപനം പൂർത്തീകരിച്ചു. ശേഷിക്കുന്ന സർക്കാർ കെട്ടിടങ്ങളിൽ സൗരോർജ പവർപ്ലാന്റുകൾ ഉടൻ സ്ഥാപിക്കും.

എറണാകുളം ജില്ലയിലെ 48 പോലീസ് സ്റ്റേഷനുകളുടെ സൗരോർജവത്കരണത്തിലൂടെ ആകെ 257 kW ശേഷിയുള്ള സൗരോർജ നിലയങ്ങൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിവർഷം 30 ലക്ഷം യൂണിറ്റ് ഊർജ്ജം ഇതിലൂടെ നാടിന്റെ അധികമായി ലഭിക്കുന്നു. ഇതിൽ നിന്നും 27 ലക്ഷം കിലോഗ്രാം കാർബൺ ബഹിർഗമനം പ്രതിവർഷം കുറക്കാൻ സാധിക്കും. 20 മുതൽ 20 ശേഷിയുള്ള സൗരോർജ നിലയങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഈ പൗർപ്ലാന്റുകളുടെ പ്രവർത്തനവും ഇതോടൊപ്പം ആരംഭിച്ചു.
പരിസ്ഥിതി കോട്ടം തട്ടാതെയുള്ള വികസന മാതൃകകളാണ് സർക്കാർ പിൻതുടരുന്നത്.എന്നാൽ മാത്രമേ നമ്മുടെ നാടിനെ കൂടുതൽ മികവോടെ അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയുകയുള്ളൂ.