Power purchase agreements not approved by State Electricity Regulatory Commission

ഇടക്കാല ക്രമീകരണം തുടരാൻ കെഎസ്ഇആർസിയെ സമീപിക്കാൻ സർക്കാർ നിർദ്ദേശം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ അംഗീകാരമില്ലാത്ത വൈദ്യുതി വാങ്ങൽ കരാറുകളുടെ അടിസ്ഥാനത്തിൽ ഉൽപ്പാദകരിൽ നിന്ന് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് കെഎസ്ഇബിഎൽ നൽകിയ ഹർജി തള്ളിക്കൊണ്ട് 10.05.2023 ൽ കെഎസ്ഇആർസി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ ഫലമായി സംസ്ഥാനത്തിന്റെ വൈദ്യുതി ലഭ്യതയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രധാന പ്രശ്‌നങ്ങൾ സിഎംഡി, കെഎസ്ഇബിഎൽ, 27.05.2023 ലെ കത്ത് പ്രകാരം സർക്കാരിന് അറിയിച്ചു.

കത്തിൽ ചൂണ്ടിക്കാണിച്ച സംസ്ഥാനത്തിന്റെ അപകടകരമായ വൈദ്യുതി സാഹചര്യം പരിഗണിച്ച് കെ എസ് ഇ ബിയുടെ ആർട്ടിക്കിൾ ഓഫ് അസോസിയേഷനിലെ സെക്ഷൻ 55 പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച്, ഹർജി തീർപ്പാക്കിയ തീയതി മുതൽ രണ്ടാഴ്ചത്തേക്ക് ഇതിനകം അനുവദിച്ചിരിക്കുന്ന ഇടക്കാല ക്രമീകരണം ഒരു ഇതര ഇടക്കാല ക്രമീകരണം ഉണ്ടാക്കുന്നതുവരെയോ, അല്ലെങ്കിൽ അപ്പലേറ്റ് ട്രിബ്യൂണലിൽ സമർപ്പിച്ച അപ്പീൽ / സ്റ്റേ പെറ്റീഷനിൽ തീരുമാനമാകുന്നതുവരെയോ ഏതാണ് ആദ്യം അതുവരെ തുടരണമെന്ന അഭ്യർത്ഥന കെഎസ്ഇആർസിക്ക് മുമ്പാകെ സമർപ്പിക്കണമെന്ന നിർദ്ദേശം സിഎംഡി, കെഎസ്ഇബിഎൽ ന് സർക്കാർ നൽകിയിട്ടുണ്ട്. അപ്പെലേറ്റ് ട്രിബ്യൂണലിലെ അപ്പീൽ നിരസിക്കപ്പെട്ടാലുണ്ടാകുന്ന സാഹചര്യം നേരിടുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച്, വൈദ്യുതി ക്രമീകരിക്കുന്നതിന് കെഎസ്ഇബിഎൽ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങളിൽ സ്വീകരിച്ച നടപടികൾ അടിയന്തരമായി സർക്കാരിനെ അറിയിക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.