കോതമംഗലത്തിന് സമീപം വാരപ്പെട്ടി കാവുംപുറത്ത് ശ്രീ കെ ഒ തോമസിന്റെ കൃഷി സ്ഥലത്ത് 220 കെ വി ലൈനിന് കീഴിൽ നട്ടുപിടിപ്പിച്ചിരുന്ന വാഴകൾ വെട്ടിയതുമായി ബന്ധപ്പെട്ട്, കെ എസ് ഇ ബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ പി പ്രസാദുമായി ചർച്ച നടത്തി.
വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയതെന്നും, കർഷകനെ മുൻകൂട്ടി അറിയിക്കാൻ പറ്റിയില്ല എന്ന വസ്തുതയും, കർഷകന് ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് മാനുഷിക പരിഗണന നൽകി ഒരു പ്രത്യേക കേസ് ആയി പരിഗണിച്ചുകൊണ്ട് കർഷകനായ ശ്രീ കെ ഒ തോമസിന് മൂന്നര ലക്ഷം രൂപ ധനസഹായം നൽകുവാൻ തീരുമാനിച്ചു. ആയത് ചിങ്ങം ഒന്നിന് തന്നെ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ കെ എസ് ഇ ബി എൽ ചെയർമാൻ & മാനേജിംഗ് ഡയറക്റ്റർക്ക് നിർദ്ദേശം നൽകി.