വെങ്ങാലൂർ കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു
ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്രപുരോഗതിക്കായി മലപ്പുറം പാക്കേജ് നടപ്പാക്കും
മലപ്പുറം ജില്ലയിലെ വൈദ്യുത വിതരണ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് മലപ്പുറം പാക്കേജ് എന്ന പേരിൽ പ്രത്യേക പാക്കേജ് നടപ്പാക്കും. തിരൂരിനടുത്ത വെങ്ങാലൂരിൽ കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന 220 കെ.വി സബ്സ്റ്റഷന്റെ നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. 2032 ഓടെ പൂർത്തിയാകുന്ന രീതിയിൽ ദീർഘകാല പദ്ധതിയാണ് മലപ്പുറം പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്കേജ് പൂർത്തിയാകുന്നതോടെ ജില്ല നേരിടുന്ന വോൾട്ടേജ് ക്ഷാമം, അടിക്കടിയുള്ള വൈദ്യുതി തടസ്സങ്ങൾ എന്നിവയ്ക്ക് ശാശ്വതമായ പരിഹാരമാവും. ജില്ലയിലെ വ്യവസായ പുരോഗതിയും ലക്ഷ്യമാക്കിയാണ് പാക്കേജ് നടപ്പാക്കുന്നത്. പാക്കേജിലെ വിവിധ പദ്ധതികൾ മുൻഗണനാ ക്രമത്തിൽ ഏറ്റെടുത്ത് 2032 ഓടെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുത മേഖലയിലെ പല പദ്ധതികളും ചെറിയ എതിർപ്പുകളും മറ്റും മൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ജനപ്രതിനിധികൾ അടക്കമുള്ളവരുടെ പിന്തുണ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു.
പുല്ലൂനാർ നെടിയോടത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ 110 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും നിർവഹിച്ചു.
തലക്കാട് വില്ലേജിലെ വെങ്ങാലൂരിൽ 0.852 ഹെക്ടർ സ്ഥലം ഏറ്റെടുത്ത് പുതിയ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ജില്ലയിലെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനാണ് ഇത്. സംസ്ഥാന സർക്കാരും കെഎസ്ഇബിയും നടപ്പാക്കുന്ന ട്രാൻസ്ഗ്രിഡ് 2.0 മിഷന്റെ ഭാഗമായി രണ്ടുഘട്ടങ്ങളായാണ് സബ്സ്റ്റേഷൻ നിർമിക്കുന്നത്. 220 കെവി, 110 കെവി സബ്സ്റ്റേഷനുകളാണ് നിർമിക്കുക. തിരൂർ, തവനൂർ, പൊന്നാനി, കോട്ടക്കൽ, താനൂർ മണ്ഡലങ്ങളെ ബന്ധിപ്പിച്ചാണ് പദ്ധതി. 42 കിലോമീറ്റർ 11 കെവി ലൈനുൾപ്പെടെയുള്ള 204 കോടി രൂപയാണ് ചെലവിലാണ് നിർമാണം.
220 കെ.വി സബ് സ്റ്റേഷനിൽ 400 എം.വി.എ ശേഷിയും, 110 കെ.വി സബ്സ്റ്റേഷനിൽ 40 എം.വി.എ ശേഷിയും വീതമുള്ള ട്രാൻസ്ഫോർമറുകളാണ് സ്ഥാപിക്കുന്നത്. സമീപപ്രദേശങ്ങളിലെ 33 കെ.വി ശൃംഖല വികസിപ്പിക്കാനുള്ള ശേഷിയും ഈ സബ്സ്റ്റേഷന് ഉണ്ടായിരിക്കും. കഴിഞ്ഞ വേനൽക്കാലത്ത് തിരൂർ പ്രദേശത്ത് അനുഭവപ്പെട്ട വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ആദ്യഘട്ടമെന്ന നിലയിൽ മൂന്ന് 11 കെ.വി ഫീഡറുകൾ ഉൾകൊള്ളിച്ചുകൊണ്ട് ഒരു 110 കെ.വി തൽക്കാലിക സബ്സ്റ്റേഷൻ അടുത്ത വേനൽക്കാലത്തിന് മുൻപായി കമ്മിഷൻ ചെയ്ത് നിലവിലുള്ള പ്രതിസന്ധി ദ്രുതഗതിയിൽ തരണം ചെയ്യും. അടുത്ത ഘട്ടത്തിൽ 220 കെ.വി, 110 കെ.വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ നിർമ്മിച്ച്, തിരൂർ, പൊന്നാനി, എടപ്പാൾ എന്നീ സബ്സ്റ്റേഷനുകളെ ബന്ധിപ്പിച്ച് വിശാലമായ ട്രാൻസ്മിഷൻ ശൃംഖല സൃഷ്ടിക്കുക വഴി ഈ പ്രദേശത്തെ വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുവാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ സബ്സ്റ്റേഷൻ പണി തീർക്കുന്നതോടെ തിരൂർ, താനൂർ, തവനൂർ, കോട്ടയ്ക്കൽ നിയമസഭ മണ്ഡലങ്ങളിലെ ഏകദേശം അഞ്ചു ലക്ഷം ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.