Minister of State for Power and Energy Shri K Krishnankutty said that hydro power plants like Idukki Phase II are essential for the industrial development of the state.

സംസ്ഥാനത്തിന്റെ വ്യാവസായിക പുരോഗതിയ്ക്ക് ഇടുക്കി രണ്ടാം ഘട്ടം പോലുള്ള ജല വൈദ്യുത നിലയങ്ങള്‍ അനിവാര്യമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയില്‍ 2 മെഗാവാട്ട് ശേഷിയുള്ള അപ്പര്‍ കല്ലാര്‍ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി രണ്ടാം ഘട്ടം പോലുള്ള ഒരു വന്‍കിട ജല വൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ജനകീയ ഇടപെടല്‍ ഉണ്ടാകേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1998 ല്‍ പൂര്‍ത്തീകരിച്ച ലോവര്‍ പെരിയാര്‍ പദ്ധതിയ്ക്ക് ശേഷം നാളിതുവരെ ഒരു വന്‍കിട ജലവൈദ്യുത പദ്ധതി ആരംഭിക്കാന്‍ ജല സമൃദ്ധമായ നമ്മുടെ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദനം നടത്താന്‍ കഴിയുന്ന ജല വൈദ്യുത പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 100 ദിനം കൊണ്ട് 34.6 മെഗാവാട്ടിന്റെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന് അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പര്‍ കല്ലാര്‍ ചെറുകിട ജല വൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസ് അങ്കണത്തില്‍ വച്ചു നടന്ന ചടങ്ങില്‍ ദേവികുളം എം എല്‍ എ അഡ്വ.എ രാജ അദ്ധ്യക്ഷത വഹിച്ചു. മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പന്‍ ചോല എം എല്‍ എയുമായ ശ്രീ.എം എം മണി മുഖ്യ പ്രഭാഷണം നടത്തി. പള്ളിവാസല്‍ എക്സ്ടന്‍ഷന്‍ പദ്ധതി ഉള്‍പ്പടെ മുടങ്ങികിടന്ന നിരവധി ജല വൈദ്യുത പദ്ധതികള്‍, തടസ്സങ്ങള്‍ നീക്കി മുന്നോട്ട് കൊണ്ടുപോകാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി രണ്ടാം ഘട്ട പദ്ധതിയ്ക്ക് പൂര്‍ണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ ആനവിരട്ടി വില്ലേജില്‍ വിരിപാറ എന്ന സ്ഥലത്ത്‌ 1964-ല്‍ കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്‌, കല്ലാര്‍കുട്ടി ജല സംഭരണിയിലേയ്ക്ക്‌ കൂടുതല്‍ ജലം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിച്ച വിരിപാറ തടയണയും അതിനോടനുബന്ധിച്ചുള്ള തുരങ്കവും ഉപയുക്തമാക്കി ലഭ്യമാക്കുന്ന ജലമാണ്‌ അപ്പര്‍ കല്ലാര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ വൈദ്യുതോത്പാദനം സാധ്യമാക്കുന്നത്‌.

ഒരു മെഗാവാട്ട്‌ ഉത്പാദന ശേഷിയുള്ള രണ്ട്‌ ഹൊറിസോണ്ടല്‍ ഫ്രാന്‍സിസ്‌ ടര്‍ബൈനുകളും പ്രതിവര്‍ഷം 51.4 ലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉത്പാദനം നടത്തുവാന്‍ ശേഷിയുള്ള രണ്ട്‌ ജനറേറ്ററുകളുമാണ്‌ പവ്വര്‍ ഹൌസിലുള്ളത്‌.

ചടങ്ങില്‍ കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് IAS സ്വാഗതവും, കെ.എസ്.ഇ.ബി.എല്‍. ഉല്‍പ്പാദന വിഭാഗം (സിവില്‍) ഡയറക്ടര്‍ ശ്രീ.ജി.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ടും, ഉല്‍പ്പാദന വിഭാഗം (ഇലക്ട്രിക്കല്‍) ഡയറക്ടര്‍ ശ്രീ.സിജി ജോസ് കൃതജ്ഞതയും അവതരിപ്പിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു.