ശബരിഗിരിയിലും രണ്ടാം പവര്‍ ഹൌസ്; ശേഷി ഇരട്ടിയാകും
ഇടുക്കിക്ക് പിന്നാലെ സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലും രണ്ടാം പവര്‍ഹൌസ് വരുന്നു. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ വാപ്കോസിന് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്) എട്ടരക്കോടി രൂപയ്ക്ക് കരാര്‍ നല്‍കാന്‍ തീരുമാനമായി. ശബരിഗിരി എക്സ്റ്റെന്‍ഷന്‍ സ്കീം എന്നാണ് പദ്ധതി അറിയപ്പെടുക. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ശബരിഗിരിയുടെ ശേഷി 340 മെഗാവാട്ടില്‍ നിന്ന് 600 മെഗാവാട്ടായി ഉയരുമെന്നാണ് കെ.എസ്.ഇ ബിയുടെ വിലയിരുത്തല്‍. ഇടുക്കി എക്സ്‌റ്റെന്‍ഷന്‍ പദ്ധതിയുടെ ഡി.പി.ആര്‍ (വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതും വാപ്കോസാണ്.
സംസ്ഥാനത്തിന്റെ പീക്ക്‌ലോഡ് വൈദ്യുതി ആവശ്യത്തിനാണ് പ്രധാനമായും ശബരിഗിരി പദ്ധതി ഉപയോഗിക്കുന്നത്. 60 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ടും 55 മെഗാവാട്ട് വീതം ശേഷിയുള്ള നാലും ജനറേറ്ററുകളാണ് (340 മെഗാവാട്ട്) നിലവില്‍ ഉള്ളത്. 1968 ല്‍ കമ്മിഷന്‍ ചെയ്യുമ്പോള്‍ 300 മെഗാവാട്ടായിരുന്നു ശേഷി. 2004 – 2009 കാലഘട്ടത്തില്‍ നടത്തിയ പുനരുദ്ധാരണത്തിലൂടെയാണ് ഇത് 340 മെഗാവാട്ടായി ഉയര്‍ന്നത്.
പമ്പാ നദിയിലാണ് ശബരിഗിരി പദ്ധതിയുടെ പ്രധാന റിസര്‍വോയര്‍. മൂഴിയാറില്‍ സ്ഥിതിചെയ്യുന്ന പവര്‍ഹാൌസിലേക്ക് 5.138 കി.മീ നീളമുള്ള ടണലിലൂടെ വെള്ളം എത്തിച്ച് 2.6 കി.മീ വീതം നീഉമുള്ള മൂന്ന് പെന്‍സ്റ്റോക്കുകളിലൂടെയാണ് പവര്‍ഹൌസില്‍ വെള്ളമെത്തിക്കുന്നത്. പദ്ധതിയുടെ ശേഷി 1.96 ഇരട്ടി വര്‍ധിപ്പിച്ച് 666 മെഗാവാട്ട് വരെ ഉയര്‍ത്താനുള്ള സാധ്യത നിലവിലുണ്ടെന്ന സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിഗിരി വിപുലീകരണ പദ്ധതി എന്ന ആശയത്തിലേക്ക് വൈദ്യുതി ബോര്‍ഡ് എത്തിയത്.
പദ്ധതിയുടെ വാണിജ്യാ സാധ്യതാറിപ്പോര്‍ട്ട് ഒരുമാസത്തിനകം സമര്‍പ്പിക്കണം. പാരിസ്ഥിതിക ആഘാത വിലയിരുത്തല്‍ അടക്കം ഡി.പി.ആര്‍ 18 മാസത്തിനകം സമര്‍പ്പിക്കണമെന്നാണ് വാപ്കോസുമായുള്ള കരാര്‍ നിര്‍ദേശം.